India National

രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

രണ്ടാം നരേന്ദ്രമോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായി. ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേർ ചടങ്ങിന് സാക്ഷിയാകും. നിലവിലെ മന്ത്രിമാരിൽ പ്രമുഖർക്ക് സ്ഥാന തുടർച്ചയുണ്ടാകും. അമിത് ഷാ മന്ത്രി ആയേക്കില്ല. ഘടക കക്ഷികളിലെ ഓരോ പേർ വീതം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാഷ്ട്രപതി ഭവനിൽ വൈകീട്ട് 7 മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് ബി.ജെ.പി ഇതുവരെ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ ഘടക കക്ഷികളിൽ ഓരോരുത്തർ വീതം ഇന്ന് പ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞു. ശിവസേനയിൽ നിന്ന് അരവിന്ദ് സാവന്ത്, ശിരോമണി അകാലിദളിൽ നിന്ന് ഹർസിമ്രത്ത് കൗർ ബാദൽ, എൽ.ജെ.പിയിൽ നിന്ന് രാംവിലാസ് പാസ്വാൻ എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 20 മുതൽ 25 വരെ കാബിനറ്റ് മന്ത്രിമാരടക്കം അറുപതംഗമന്ത്രി സഭയായിരിക്കും അധികാരത്തിലേറുക എന്നാണ് സൂചന.

ബിംസ് ടെക് രാഷ്ട്രത്തലവൻമാർക്ക് പുറമെ രാഷ്ട്രീയം, വ്യവസായം, കായികം, സിനിമ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖർ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കും. വ്യവസായികളായ അംബാനി, അദാനി, എം.എ യൂസഫലി അടക്കമുള്ളവർ ചടങ്ങിനായി ഡൽഹിയിലെത്തി. രാഹുൽ ദ്രാവിഡ്, രജനികാന്ത്, ഷാരുഖ് ഖാൻ തുടങ്ങിയവർക്കും ക്ഷണമുണ്ട്.

കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹൽ ഗാന്ധിയും പങ്കെടുക്കും. മമതാ ബാനർജി ചടങ്ങിനെത്തില്ല. പാക്കിസ്താന് ക്ഷണമില്ല. ചടങ്ങിന് മുന്നോടിയായി ഇന്ന് രാവിലെ പ്രധാനമന്ത്രിയും എന്‍.ഡി.എ നേതാക്കളും എം.പിമാരും രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിലും വാജ്പേയ് സമാധിയിലും ശ്രദ്ധാഞ്ജലി അർപ്പിച്ചു. മോദി യുദ്ധ സ്മാരകവും സന്ദർശിച്ചു.