സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലെ 12 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്. മുൻ പിഎഫ്ഐ നേതാവ് ലത്തീഫിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു.(ED Raids 11 PFI Centers in Kerala)
എസ്ഡിപിഐ നേതാവ് നൂറുൽ അമീന്റെ അരീക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന തുടരുന്നു. കുമ്പളത്ത് പിഎഫ്ഐ നേതാവ് ജമാലിന്റെ വീട്ടിലും പരിശോധന. മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് മഞ്ചേരി സ്വദേശി അബ്ദുൽ ജലീലിന്റെ വീട്ടിൽ റെയ്ഡ് നടന്നു. മഞ്ചേരി കാരാപറമ്പ് സ്വദേശി ഹംസയുടെ വീട്ടിലും റെയ്ഡ് നടന്നു. പിഎഫ്ഐ നിരോധന ശേഷവും പണമൊഴുകി. ഏറ്റവും കൂടുതൽ പണമൊഴുകിയത് കേരളത്തിലെന്ന് ഇ ഡി കണ്ടെത്തൽ.
ട്രസ്റ്റുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. ട്രസ്റ്റുകളുടെ പേരിലേക്കാണ് പിഎഫ്ഐ നേതാക്കൾ പണം വിദേശത്തു നിന്നും സ്വീകരിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന. നിരോധിത സംഘടനയായ പിഎഫ്ഐയുടെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. നേരത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ വ്യാപകമായി എൻഐഎ റെയ്ഡ് നടത്തുകയും നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.