International

ഇസ്രായേല്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പിലേക്ക്

ഇസ്രായേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പില്‍ കൃത്യമായ ഭൂരിപക്ഷം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

ഇന്നലെ അര്‍ധ രാത്രിക്കകം ഭൂരിപക്ഷം തെളിയിക്കണം എന്നായിരുന്നു ലികുഡ് പാര്‍ട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവിന് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടുകള്‍ക്ക് ഇസ്രായേല്‍ പാര്‍ലമെന്റ് ആയ നെസെറ്റ് പാസ്സാക്കി.

ഇസ്രായേലിനെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം ലികുഡ് പാര്‍ട്ടിക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഏപ്രില്‍ ഒന്‍പതിന് നടന്ന വോട്ടെടുപ്പില്‍ ബെന്യമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല. ഇസ്രായേലിന്റെ ചരിത്രത്തില്‍ സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട് പുറത്തുപോകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ബെന്യമിന്‍ നെതന്യാഹു.