തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നെടുപുഴ സിഐ ടി ജി ദിലീപ് കുമാറാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് എസ്‌ഐ ആമോദിനെതിരെ കേസെടുത്തത്. തൃശൂര്‍ എസ്പിയാണ് അപേക്ഷ നല്‍കിയത്. കേസെടുത്ത അന്ന് തന്നെ നടത്തിയ പരിശോധനയില്‍ ആമോദ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു.
കഴിഞ്ഞ ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ആമോദിനെ 12 മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
കേസില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിലുള്‍പ്പടെ എസ്.ഐ മദ്യപിച്ചിരുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തൃശ്ശൂരിലെ പൊലീസിന് ഇടയില്‍ നിലനില്‍ക്കുന്ന പടലപിണക്കങ്ങളുടെ ഭാഗമാണ് കേസ് എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.