Kerala

‘അവന്റെ മോഹമാണ്, സന്തോഷമാണ്’; ഉണ്ണിക്കണ്ണനായി ഭിന്നശേഷിക്കാരനായ മൂന്നാം ക്ലാസുകാരൻ മുഹമ്മദ് യഹിയ

സമൂഹമാധ്യമങ്ങളില്‍ വൈറലായി കോഴിക്കോട് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന മഹാശോഭായാത്രയിൽ കണ്ട ‘റിയല്‍ കേരള സ്റ്റോറി’. മഹാശോഭായാത്രയിൽ ഉണ്ണിക്കണ്ണന്റെ വേഷമിട്ട് വീല്‍ചെയറിലിരുന്ന് മോഹം നിറവേറ്റുകയായിരുന്നു ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹിയ. ഉമ്മ ഫരീദയാണ് ഉണ്ണിക്കണ്ണനായി മേക്കപ്പ് ഇട്ട് മകനെ ശോഭയാത്രയ്ക്ക് എത്തിച്ചത്.

ശോഭായാത്രയിലെ ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൊന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അഹം ബ്രഹ്മാസ്മി…. തത്വമസി. സനാതന ധർമ്മത്തിൽ എവിടെ മതം? ബാലഗോകുലം ജന്മാഷ്ടമി ശോഭായാത്രയിലെ ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൊന്ന്…കോഴിക്കോടുനിന്നും- കെ സുരേന്ദ്രൻ വിഡിയോ പങ്കുവച്ച് കുറിച്ചു.

രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവശ്യമില്ലെന്ന് ഉറക്കെ പറയുന്ന ചിത്രമാണ് ഇതെന്നായിരുന്നു നടൻ ഹരീഷ് പേരടി കുറിച്ചത്. ലോകത്തോട് കർമ്മത്തെ ആഘോഷമാക്കാൻ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണിതെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് യഹിയ കൃഷ്ണനായത്.ആദ്യമായിട്ടാണ് കൃഷ്ണവേഷം കെട്ടുന്നതെന്ന് മുഹമ്മദ് യഹിയയുടെ ഉമ്മൂമ്മ പറഞ്ഞു. മുഹമ്മദിന് കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം. മഴയെ പോലും വകവെക്കാതെയാണ് കുട്ടി ശോഭയാത്രയിൽ പങ്കെടുത്തത്.

സംസ്ഥാനമൊട്ടാകെ വർണാഭമായ ശോഭയാത്രയാണ് നടന്നത്. തിരുവനന്തപുരം പാളയത്ത് നിന്ന് ആരംഭിച്ച ശോഭയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. രണ്ടര ലക്ഷത്തോളം കുട്ടികളാണ് ശോഭയാത്രയുടെ ഭാഗമായത്.