Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി; അഷ്ടമി രോഹിണിയുടെ ആഘോഷത്തിൽ സംസ്ഥാനം


ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ രണ്ടരലക്ഷത്തിലേറെ കുട്ടികൾ കൃഷ്ണവേഷം കെട്ടും.

പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമായി ഒരു ജന്മാഷ്ടമി കൂടി. ഉണ്ണിക്കണ്ണന്റെ ഓർമകളാണ് ജന്മാഷ്ടമി ദിനത്തിൽ ഭക്ത മനസുകളിൽ നിറയുക. ഭൂമിയിലെ തിന്മകളെ ഇല്ലാതാക്കി നന്മ പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണ രൂപത്തിൽ അവതാരമെടുത്തതെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.

അഷ്ടമിരോഹിണി പ്രമാണിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാൾ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ?ഗുരുവായൂരും അമ്പലപ്പുഴയുമടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണുള്ളത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്ര വൈകിട്ട് 3.30ന് ആരംഭിക്കും.വിവിധ കേന്ദ്രങ്ങളിൽ നിന്നു പുറപ്പെടുന്ന ശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രയായാണ് സമാപന സ്ഥലത്തെത്തുന്നത്. നാടും നഗര വീഥികളും ഉണ്ണിക്കണ്ണൻമാരും കുഞ്ഞു രാധമാരും കയ്യടക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി.