Kerala

സംരക്ഷിത മത്സ്യത്തെ വേട്ടയാടി; ആറംഗ സംഘം പിടിയിൽ

സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂരിൽ റിസർവ് വനത്തിലെ പുഴയിൽ നിന്ന് ആണ് മത്സ്യ ബന്ധനം നടത്തിയത്. റെഡ്ഫിൻ മത്സ്യത്തെ ഷോക്ക് അടിപ്പിച്ചാണ് പിടിച്ചത്. എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണവും വനം വകുപ്പ് പിടിച്ചെടുത്തു.

നെടുങ്കയം സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ന്യൂ അമരമ്പലം റിസർവ് വനത്തിൽനിന്നുമാണ് പ്രത്യേക സംരക്ഷണമുള്ള കടന്ന (റെഡ്ഫിൻ) ഇനം മത്സ്യങ്ങളെ പിടികൂടി കടത്താൻ ശ്രമിച്ചത്. ഇൻവർട്ടർ, ബാറ്ററി, അനുബന്ധ ഉപകരണങ്ങൾ, മത്സ്യം എന്നിവ പിടിച്ചെടുത്തു. കവള മുക്കട്ട പാട്ടക്കരിമ്പ് സ്വദേശികളായ പുല്ലാര അബു, പാറത്താെടിക വാഹിദ് പാറത്തൊടികമുഹ്‌സിൻ , തെക്കേതൊടിക സലീം , വെള്ളിയത്ത് ഹംസ കണ്ണങ്ങാടൻ റോഷൻ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. രാഗേഷ് അറസ്റ്റ് ചെയ്തത്.

പുഴയിൽ നിന്ന് പിടിച്ച 8 കീലോഗ്രാം മത്സ്യവുമായി പ്രതികൾ കടന്നു കളയാൻ ഒരുങ്ങവെയാണ് വനപാലകർ എത്തിയത്. പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.