പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. നിർമ്മാണ സാമഗ്രി സാമ്പിൾ പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് ലഭിച്ചിരുന്നു. അതേസമയം ജൂൺ ആദ്യം തന്നെ പാലം ഗതാഗതത്തിനായി തുറന്ന് നൽകും.
നിര്‍മാണ സാമഗ്രികളുടെ തിരുവനന്തപുരം റീജിയണൽ ലാബിലെ പരിശോധനാ ഫലം ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ഇത് പഠനവിധേയമാക്കി അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധന വിധേയമാക്കിയാണ് അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയേക്കും. ആസൂത്രണത്തില്‍ തുടങ്ങി ടാറിംഗ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് എന്നാണ് സൂചന. നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. അഴിമതി നടന്നതായി വ്യക്തമായാല്‍ കേസില്‍ പ്രതിചേര്ക്കേണ്ടവരുടെ പട്ടിക തയാറാക്കി തുടരന്വേഷണം ആരംഭിക്കും. അതേസമയം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജൂൺ ആദ്യം തന്നെ തുറന്ന് കൊടുക്കും. പുനർനിർമ്മാണം വിലയിരുത്താൻ മദ്രാസ് ഐഐടിയിൽ നിന്നുള്ള വിദഗ്ധസംഘം കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറന്നുകൊടുക്കുക.