HEAD LINES

ബിഹാറിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി; ‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല

പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. ബിഹാറിൽ മത്സരിക്കുമെന്ന മുൻ നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിൽക്കുകയാണ്. ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ‌ തങ്ങൾക്ക് അനുകൂലമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ അവകാശവാദം. എന്നാൽ ആം ആദ്മിയുടെ നീക്കം ബിജെപിയെ സഹായിക്കുന്നത് ആയി മാറുമെന്നാണ് ആർജെഡി, ജെഡിയു മുതലായ പാർട്ടികളുടെ അഭിപ്രായം. (Another jolt to ‘INDIA’ ? AAP to contest Bihar polls)

എഎപി ജനറൽ സെക്രട്ടറി സന്ദീപ് പതക് ഡൽഹിയിൽ ബിഹാർ യൂണിറ്റ് നേതാക്കളുടെ യോ​ഗം വിളിച്ചുചേർത്തിരുന്നു. ഇതിലാണ് ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എഎപിയ്ക്ക് അനുകൂലമാണെന്ന വിലയിരുത്തലുണ്ടായത്. ബിഹാറിൽ ഇത്രകാലം കണ്ടുവന്നിരുന്ന വൃത്തികെട്ട രാഷ്ട്രീയ നീക്കങ്ങൾ മൂലം ബിഹാറിന് മുന്നോട്ടുപോകാൻ സാധിച്ചിരുന്നില്ലെന്നും എഎപി യോ​ഗത്തിൽ വിലയിരുത്തി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞതും തുടർന്നുണ്ടായ പ്രതികരണങ്ങളും ഇന്ത്യ സഖ്യത്തിൽ ഭിന്നതയെന്ന സൂചന നൽ‌കിയിരുന്നു. പ്രധാനമന്ത്രിയാകാൻ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗ്യനെന്ന് ജെഡിയു നേതാവ് ശ്രാവണ്‍ കുമാര്‍ പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് കാരണമാണെന്നും ഗലോട്ട് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ സഖ്യപാര്‍ട്ടിയായ ‘ഇന്ത്യ’യുടെ യോഗം കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വെച്ച് നടന്നതിന് ശേഷം എന്‍.ഡി.എ. വിരണ്ടിട്ടുണ്ടെന്നും ഗലോട്ട് പറഞ്ഞു.