National

‘ക്ലാസ് മുറികളെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു’; രാഹുൽ ഗാന്ധി

ഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠി മർദിച്ച സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അദ്ധാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

‘ഒന്നുമറിയാത്ത കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു – രാജ്യത്തിന് വേണ്ടി ഒരു അദ്ധാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിട്ട അതേ മണ്ണെണ്ണയാണ് ബിജെപി ഇവിടെയും പകരുന്നത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി – അവരെ വെറുക്കരുത്, നമുക്ക് ഒരുമിച്ച് സ്നേഹം പഠിപ്പിക്കാം’ രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും പ്രതികരിച്ചു. “നമ്മുടെ ഭാവി തലമുറകൾക്ക് എന്ത് തരം ക്ലാസ് റൂമും സമൂഹവുമാണ് നമ്മൾ നൽകാൻ ആഗ്രഹിക്കുന്നത്” – പ്രിയങ്ക ചോദിച്ചു. ‘ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ, വിദ്വേഷത്തിന്റെ അതിർത്തി മതിൽ പണിയുന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നു. വിദ്വേഷമാണ് പുരോഗതിയുടെ ഏറ്റവും വലിയ ശത്രു. നമ്മൾ ഒന്നിച്ച് ഈ വിദ്വേഷത്തിനെതിരെ സംസാരിക്കണം – നമ്മുടെ രാജ്യത്തിനും പുരോഗതിക്കും വരും തലമുറകൾക്കും വേണ്ടി’ – പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷണത്തിന് നിർദ്ദേശിച്ചു. കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശം നൽകി. ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ഉത്തർപ്രദേശ് പൊലീസും അറിയിച്ചു. ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരിൽ ഒരു കുട്ടിയെ മർദിക്കാൻ ടീച്ചർ നിർദ്ദേശം നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാർത്ഥിയെ മർദിക്കാൻ മറ്റു കുട്ടികൾക്കു നിർദേശം നല്‍കിയ അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധകോണുകളിൽ നിന്ന് ആവശ്യം ഉയര്‍ന്നു.