കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് നോട്ടിസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് നോട്ടിസ് നൽകിയത്. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം. ( ac moideen gets ed notice )
തരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിൽ ആണെന്നും ഇ.ഡി കണ്ടെത്തി.
മൊയ്തിൻറെയും ഭാര്യയുടേയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സേവിങ്സ് നിക്ഷേപവും ഇ.ഡി. മരവിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശി അനിൽ സേഠിന് എ സി മൊയ്തീനുമായി അടുത്ത ബന്ധം ഉണ്ട് എന്നും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. എ സി മൊയ്തീൻ, പി പി കിരൺ, സി എം റഹീം, എം കെ ഷൈജു, പി സതീഷ് കുമാർ എന്നിവരുടെ വസ്തുക്കളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി ആണ് നടപടി. സ്വത്ത് വകകൾക്ക് 15 കോടിയുടെ മുല്യമുണ്ടെന്നും ഇ ഡി വ്യക്തമാക്കി.