India Kerala

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ജെഡി കേരള ഘടകത്തില്‍ ആശയകുഴപ്പം

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ജെ.ഡി കേരളഘടകത്തില്‍ ആശയകുഴപ്പം ശക്തം. ദേശീയ തലത്തില്‍ ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കവുമായി ശരത് യാദവ് മുന്നോട്ട് പോകുന്നതാണ് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെ.ഡി.എസി ല്‍ ലയിക്കാനുള്ള നീക്കങ്ങള്‍ നടത്തിയതും സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. 31,1 തീയതികളില്‍ കോഴിക്കോട് നടക്കുന്ന നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ചചെയ്യും.

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ശരത് യാദവ് ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നാണ് സൂചനകള്‍. ഇടത് മുന്നണിയില്‍ തുടരാന്‍‍‍‍‍‍ ആഗ്രഹിക്കുന്ന ഘടകത്തിന് ഈ നീക്കം സ്വീകാര്യമല്ല. ശരത് യാദവ് പോയാലും ആര്‍‌.ജെ.ഡി യിലേക്കില്ലെന്നാണ് ശ്രേയംസ്കുമാര്‍ അടക്കമുള്ളവരുടെ നിലപാട്. ഈ ആശയകുഴപ്പത്തിനിടിയിലാണ് ജെ.ഡി.എസ് ലയനമെന്ന ആശയം സംസ്ഥാനത്തെ പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തിപ്പെട്ടത്.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനടക്കമുള്ളവരുടെ നേതൃത്വത്തില്‍ കെ .കൃഷ്ണന്‍കുട്ടി വഴി അത്തരമൊരു ശ്രമം ഇതിനിടയില്‍ നടന്നു. എന്നാല്‍ വീരേന്ദ്രകുമാറിനോട് ദേവഗൌഡയ്ക്കുള്ള അതൃപ്തി അതിനും തടസമാണ്. ഒപ്പം കര്‍ണാടകയില്‍‌ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്താല്‍ കുമാരസ്വാമിയും കൂട്ടരും എടുക്കുന്ന നിലപാടുകളും പ്രധാനമാണ്. അതിനാല്‍‌ ജെ.ഡി.എസ് ലയനത്തിനും ശ്രേയംസ്കുമാര്‍ അടക്കമുള്ളവര്‍ക്ക് താല്‍പര്യമില്ല. പക്ഷേ മനയത്ത് ചന്ദ്രനടക്കമുള്ളവര്‍ കൂടുതല്‍ ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ നേടിയെടുക്കാന്‍ ശ്രമം തുടങ്ങി.

ഇടത് മുന്നണിയില്‍ തിരികെ എത്തിയപ്പോള്‍ വടകര സീറ്റ് ചോദിച്ചു വാങ്ങാന്‍ കഴിയാതിരുന്ന നേതൃത്വത്തിന് എതിരെയും വികാരം പാര്‍ട്ടിയ്ക്കുള്ളില്‍ ഉയരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ഈ വാദം ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിക്കുള്ള നീക്കങ്ങളും പാര്‍ട്ടി നേതൃത്വം തുടങ്ങി കഴിഞ്ഞു. യുവജനവിഭാഗം ദേശീയ പ്രസിഡന്‍റ് സലീം മടവൂര്‍, എല്‍.ജെ.ഡി ഇടുക്കി ജില്ലാ പ്രസിഡന്റ് അനൂപ് ഫ്രാന്‍സിസ്, വി.ടി സുധീഷ്കുമാര്‍ എന്നിവരോട് പാര്‍ട്ടി ഇതിനിടയില്‍ വിശദീകരണം തേടി.