National

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു.

മൂന്ന് ബോട്ടുകളിലായി നടുക്കടലിലെത്തി 9 ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നാഗപട്ടണം സ്വദേശികളുടെ ബോട്ട് വളഞ്ഞ കടൽക്കൊള്ളക്കാർ ബോട്ടിലേക്ക് ചാടിക്കയറി ഇഷ്ടികയും വടിയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് തമിഴ്നാട്ടിലെ കോസ്റ്റൽ പൊലീസ് വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.

കവർച്ച തടയാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാഗപട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 800 കിലോഗ്രാം മത്സ്യബന്ധന വലകൾ, 2 മൊബൈൽ ഫോണുകൾ, നാവിഗേഷൻ ഉപകരണങ്ങൾ, ബാറ്ററികൾ, ടോർച്ച് ലൈറ്റ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.