നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍. ജി.എസ്.ടി ലഘൂകരണവും സാമ്പത്തിക ശാക്തീകരണവുമടക്കമുള്ളവ അജണ്ടയിലുണ്ട്. തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് മേക്ക് ഇന്ത്യ പദ്ധതി നവീകരണവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും നൂറുദിന പരിപാടി ലക്ഷ്യമിടുന്നു.
ബി.ജെ.പി പ്രകടന പത്രിക മുന്നില്‍ വെച്ച് നൂറു ദിന കര്‍മപരിപാടികള്‍ ഉണ്ടാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും മോദി ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ മേഖലക്കാണ് പ്രധാന ഊന്നല്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ലക്ഷം ഒഴിവുകള്‍ നികത്തും. 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കും. ഇതിന് പുറമെ യു.ജി.സിക്ക് പകരം പുതിയ ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന് കൊണ്ടുവരാനുള്ള നീക്കവുമായി മുന്നോട്ടുപോകാനും രണ്ട് മാസത്തിനകം ഇതിന് സമവായം ഉണ്ടാക്കിയെടുക്കാനും ആലോചനയുണ്ട്. ഗവഷണങ്ങള്ക്ക് പണം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് ഈ മാസം അവസാനത്തോടെ കൊണ്ടുവരും. സ്വകാര്യ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന് പുതിയ സംവിധാനമൊരുക്കും. ഇതിന് പുറമെ ജി.എസ്.ടി വ്യവസ്ഥകളുടെ ലഘൂകരണമാണ് മറ്റൊരു പ്രധാന അജണ്ട. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള നീക്കങ്ങളും നൂറുദിന പരിപാടിയില്‍ ഇടംപിടിക്കും.