ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍ ചേരും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാകും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരന് പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും യോഗത്തില്‍ ഉയരുമെന്നാണ് സൂചന . രാജ്യമൊട്ടാകെ നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്ന വിമര്ശനത്തിലൂന്നിയാവും സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍.
സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കും എന്ന് ഉറപ്പിച്ചാണ് പാർട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. വിജയം ഉറപ്പിച്ച തിരുവനന്തപുരത്ത് വോട്ടെണ്ണിയപ്പോൾ കുമ്മനം രാജശേഖരൻ ഒരു ലക്ഷം വോട്ടിന് പുറകില്‍. പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ട് നേടിയെങ്കിലും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശൂരിലും സ്ഥിതി സമാനം. കണ്ണൂരിൽ ഉൾപ്പെടെ വോട്ട് ചോർന്നു എന്നാണ് പാർട്ടി വിലയിരുത്തൽ. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് വിമര്‍ശനം. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ പി.എസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്.
എന്‍.എസ്.എസിന്റെ ഉള്‍പ്പെടെ നായര്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി എന്ന് നേതാക്കൾ വിലയിരുത്തുന്നു. ശ്രീധരന് പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയപ്പോള്‍ പ്രതീക്ഷിച്ച ജാതിവോട്ടുകള്‍ കൂടെപോന്നില്ലെന്നും വിമര്‍ശനമുയർന്നേക്കും. കരുത്തുറ്റ നേതൃത്വം കേരളത്തില്‍ വരണമെന്ന ആവശ്യത്തില്‍ കെ.സുരേന്ദ്രനാണ് പ്രഥമ പരിഗണന. പി.കെ.കൃഷ്ണദാസിനെ അധ്യക്ഷനാക്കണമെന്ന വാദവും ഉയര്ന്നുനില്ക്കും. നേതൃത്വം മാറണമെന്ന ആവശ്യത്തിന് ഇന്നത്തെ യോഗത്തോടെ തുടക്കമാകുമെങ്കിലും മൂന്നുനാലു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാകും കേന്ദ്രനേതൃത്വം നിര്‍ദേശിക്കുക.