ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയുള്ള രാഹുലിന്റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഭരണം നഷ്ടമാകുന്ന നിലയിലാണ് പാര്‍ട്ടി.
ഒരേസമയം സംഘടനാപരവും ഭരണപരവുമായ പ്രതിസന്ധികളാണ് കോണ്‍ഗ്രസ് നേരിടുന്നത്. മക്കള്‍ രാഷ്ട്രീയത്തിലും പ്രചാരണ അജണ്ട ഏറ്റെടുക്കാത്തതിലും പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. തോല്‍വിക്ക് കാരണമായവര്‍ ഈ മുറിയില്‍ തന്നെയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയും തുറന്നടിച്ചു. റഫാല്‍ പ്രചാരണ വിഷയമാക്കിയവര്‍ കയ്യുയര്ത്താന് രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ ചുരുക്കം പേര് മാത്രമേ പ്രതികരിച്ചുള്ളൂവെന്നാണ് സൂചന. പാര്‍ട്ടിയൊന്നാകെ പുതുക്കിപ്പണിതെങ്കില്‍ മാത്രമേ ബി.ജെപി.യെ നേരിടാന്‍ കഴിയൂവെന്നാണ് രാഹുല്‍ പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞത്. രാഹുലിന്റെ വിമര്‍ശത്തെ മുതിര്‍ന്ന നേതാക്കള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നും പാര്‍ട്ടി അഴിച്ചുപണിയുകയാണെങ്കില് അവരുടെ റോള്‍ എന്തായിരിക്കുമെന്നുമാണ് ഇനി നിര്‍ണായകമാവുക.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സര്‍ക്കാരിന്റെ ഭാവിയും സുരക്ഷിതമല്ല. പ്രവര്‍ത്തക സമിതിക്ക് പിന്നാലെ മധ്യപ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് കഴിഞ്ഞ ദിവസം മന്ത്രിമാരുടെയും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെയും പ്രത്യേക യോഗം വിളിച്ച് സര്‍ക്കാരിന്റെ നിലനില്‍പ്പും തെരഞ്ഞെടുപ്പ് പരാജയവും ചര്‍ച്ച ചെയ്തു. രാജസ്ഥാനിലെ ബി.എസ്.പി എം.എല്‍.എമാര്‍ സര്‍ക്കാരിനെതിരെ നീക്കം തുടങ്ങിയെന്നാണ് സൂചന. തോല്‍വിക്ക് പിന്നാലെ വിവിധ സംസ്ഥാന അധ്യക്ഷന്മാരുടെ രാജി തുടരുകയാണ്. മഹാരാഷ്ട്ര അധ്യക്ഷന്‍ അശോക് ചവാന്, പഞ്ചാബിലെ സുനില്‍ ജാഖര്‍, ജാര്‍ഖണ്ഡിലെ ഡോ അജോയ് കുമാര്‍ എന്നിവരാണ് ഏറ്റവുമൊടുവില്‍ രാജി നല്‍കിയത്.