Cricket Sports

‘മിസ് യു സച്ചിന്‍’ ദൈവം കനിഞ്ഞു

ദേഹത്ത് ത്രിവര്‍ണ്ണ ഛായം. മുതുകില്‍ തെണ്ടുല്‍ക്കറെന്നും 10 എന്നും എഴുതി ഇന്ത്യയുടെ എല്ലാ കളികള്‍ക്കും ആവേശം വിതറി ഗാലറിയെ ഇളക്കി മറിക്കുന്ന സുധീര്‍ എന്ന ആരാധകനെ ക്രിക്കറ്റ് ആരാധകര്‍ക്കാര്‍ക്കും മറക്കാനാവില്ല. ഇത്തവണ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ആവേശമേകാന്‍ സുധീര്‍ ചൌധരി എന്ന ആ വലിയ ഫാനും ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയിട്ടുണ്ട്. ടീമിനൊപ്പം രാജ്യത്തിനൊട്ടാകെ ആവേശമായി ഗാലറിയില്‍ സുധീറിന്‍റെ സാന്നിധ്യമുറപ്പിക്കാന്‍ അദ്ദേഹത്തിന് ടിക്കറ്റെടുത്ത് കൊടുത്തതോ, ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ് സന്നാഹ മത്സരത്തിലും ഗാലറിയിൽ സുധീറുണ്ടായിരുന്നു. തെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷം പുറകില്‍ മിസ് യു തെണ്ടുല്‍ക്കര്‍ എന്നെഴുതിയാണ് സുധീര്‍ കളി കാണാനെത്തിയിരുന്നത്.

18 വർഷം മുൻപ് സച്ചിനു പിന്നാലെ ഓടിത്തുടങ്ങിയ സുധീറിന്‍റെ ആരാധന അദ്ദേഹം വിരമിച്ച ശേഷവും ടീം ഇന്ത്യക്കൊപ്പം തുടരുകയാണ്. 319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ട്വന്‍റി20 മത്സരങ്ങളിലും സുധീർ സാന്നിധ്യമായി. ഇന്ത്യയുടെ കളികാണാൻ സ്റ്റേഡിയങ്ങളിലേക്ക് സൈക്കിളിലായിരുന്നു ആദ്യകാലത്ത് യാത്ര. പാകിസ്താനിലേക്കും ബംഗ്ലദേശിലേക്കും ഇങ്ങനെ സൈക്കിൾ സവാരി നടത്തിയ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകളിലെ മായാത്ത ദൃശ്യമായിരുന്നു.