അട്ടപ്പാടിയിലെ വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു . റെജി മാത്യൂ എന്നയാളെ അഗളി പൊലീസാണ് പിടികൂടിയത്. വ്യാപാരിയുടെ പണം തട്ടിയെടുക്കാൻ വെടി വെക്കുകയായിരുന്നു. ഏപ്രിൽ രണ്ടിനാണ് ഗൂളിക്കടവിലെ ഉദയൻ എന്ന പച്ചക്കറി വ്യാപാരിക്കു നേരെ വെടിവെപ്പുണ്ടായത്. പച്ചക്കറി വാങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് പോകും വഴി പുലർച്ചെ മൂന്നരയോടെ വാഹനത്തിനു നേരെ വെടിവെപ്പ് ഉണ്ടായി.വാഹനത്തിന്റെ മുൻവശം തുളഞ്ഞ് ഉദയന്റെ കാലിൽ വെടിയുണ്ട തുളച്ച് കയറി.
തകരപാടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഉദയന് ശത്രുക്കളില്ലാത്തതിനാൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ഏറെ പണിപ്പെട്ടു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതി റെജി മാത്യൂവിനെ പിടികൂടിയത്. ഇയാളെ സഹായിച്ച ഫെർണാണ്ടസ്, ജിനീഷ് കെ.വി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാപാരിയുടെ കൈയിലുള്ള പണം തട്ടിയെടുക്കനാണ് വെടി ഉതിർത്തതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പണത്തിന്റെ പേരിൽ പ്രതികൾ തമ്മിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.