International

ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ്

ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ് വിദേശ കാര്യമന്ത്രി മുഹമ്മദ് അല്‍ ഹക്കീം. ഇറാന്‍ – യു.എസ് സംഘര്‍ഷത്തില്‍ ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏത് യുദ്ധവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കി.

ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിലാണ് ഇറാക്ക് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. ഈ ഘട്ടത്തില്‍ ഇറാനിലെ ജനങ്ങളോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക ഉപരോധം ഫലശൂന്യമാണ്. അത് ഇറാന്‍ ജനതയെ ദുരിതത്തിലാഴ്ത്തും. ഏകപക്ഷീയമായി യു.എസ് കൈക്കൊണ്ട നടപടികള്‍ക്ക് തങ്ങള്‍ എതിരാണ്. എന്നാല്‍ ഇരുകൂട്ടരും ആവശ്യപ്പെട്ടാല്‍ ഇറാഖ് മധ്യസ്ഥതക്ക് തയ്യാറാണെന്നും ഇറാഖ് വിദേശ കാര്യമന്ത്രി മുഹമ്മദ് അല്‍ ഹക്കീം വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളോടും നല്ല ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി ജാവേദ് സരിഫ് പറ‍ഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്‍ശക്തി രാഷ്ട്രങ്ങള്‍ ഇറാനുമായി ഒപ്പിട്ട ആണവ കാരറില്‍ നിന്ന് അമേരിക്ക നേരത്തെ പിന്മാറിയിരുന്നു. എന്നാല്‍ ഇറാന്‍ കാരാര്‍ ലംഘിച്ചിട്ടില്ലെന്നും കരാര്‍ സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും ഇറാന്‍ വിദേശ കാര്യമന്ത്രി സരീഫ് ആവശ്യപ്പെട്ടു. ഏതു യുദ്ധവും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.