Kerala

പരാതികളും പ്രാർത്ഥനകളുമായി ഉമ്മൻചാണ്ടിയെ കാണാൻ ജനപ്രവാഹം; കല്ലറയ്ക്ക് മുന്നിൽ നിവേദനങ്ങൾ നിറയുന്നു

കോട്ടയം: ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീർഥയാത്ര പോലെ എത്തുന്നവർ നിരവധിയാണ്. വലിയൊരു വിഭാഗം ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി മുതൽ ലോട്ടറി അടിച്ചത് വരെ ഉമ്മൻചാണ്ടിയോട് പ്രാർത്ഥിച്ചതിന്റെ ഫലമെന്നാണ് പലരും വിശ്വസിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുന്ന സ്ഥിതിയാണ്. മക്കളുടെ പഠനവും വിവാഹവും നടക്കാനുള്ള അപേക്ഷകൾ മുതൽ കടബാധ്യതയിൽ നിന്ന് കരകയറ്റണമെന്ന് അഭ്യർഥിച്ചുള്ള പ്രാർഥനകൾ വരെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ ഖബറിനു ചുറ്റും കാണാം.

People puts letters as prayer in front of oommen chandy's tomb kgn

ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി. മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയും. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവർ പുതുപ്പള്ളിയിലുണ്ട്.

കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് മൂന്നാം തവണ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ ഖബറിടത്തിൽ പ്രാർഥനയ്ക്ക് എത്തിയ അമ്പിളിക്ക് താമസിക്കാൻ സ്വന്തമായൊരു വീടു കിട്ടണമെന്നായിരുന്നു അപേക്ഷ. അതും ഖബറിടത്തിൽ അർപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിത്സയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രിയ നേതാവിന്റെ ഖബറിടത്തിലെ പ്രാർഥനയ്ക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്പിളി. ഇതിനു മുമ്പ് രണ്ടു തവണയും പുതുപ്പള്ളിയിലെ ഖബറിൽ എത്തി പ്രാർഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് അമ്പിളിയുടെ വിശ്വാസം.