സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരിച്ചതുകൊണ്ടുള്ള ഗുണം വിവരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പ്രതികൾക്ക് 15 വർഷം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുകയാണ്.
2021 സെപ്റ്റംബർ 17ന് നിലമ്പൂർ കൂറ്റമ്പാറയിൽ 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ച കേസിലാണ് മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്നിന്റെ വേര് തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ അഭിനന്ദിക്കുന്നു. സേനയ്ക്കാകെ ആത്മവീര്യം പകരുന്നതാണ് ഈ നേട്ടം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഇത് പ്രചോദനമാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ് പൂർണരൂപത്തിൽ
സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പ്രതികൾക്ക് 15 വർഷം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുകയാണ്. 2021 സെപ്റ്റംബർ 17ന് നിലമ്പൂർ കൂറ്റമ്പാറയിൽ 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ച കേസിലാണ് മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. സംഭവ സ്ഥലത്തു വെച്ച് നാലുപേരെ അറസ്റ്റ് ചെയ്ത കേസിൽ, ഉത്തരമേഖലാ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്. ഇതിൽ പത്ത് പ്രതികളുടെ വിചാരണയാണ് പൂർത്തിയായി ശിക്ഷ വിധിച്ചത്. ഈ അടുത്ത് പിടിയിലായ രണ്ടാം പ്രതിയുടെ വിചാരണ ഉടൻ ആരംഭിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മയക്കുമരുന്ന് ആന്ധ്രയിൽ നിന്നാണ് കടത്തിക്കൊണ്ടുവന്നത് എന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞു.
മയക്കുമരുന്നിന്റെ വേര് തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ അഭിനന്ദിക്കുന്നു. സേനയ്ക്കാകെ ആത്മവീര്യം പകരുന്നതാണ് ഈ നേട്ടം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഇത് പ്രചോദനമാകും. ലഹരി കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനിടെ പിടിയിലാകുന്നവർക്കൊപ്പം, ലഹരിയുടെ വഴി തേടിപ്പോകാനാണ് ഒന്നാം പിണറായി സർക്കാർ എക്സൈസ് ക്രൈംബ്രാഞ്ച് സേന രൂപീകരിച്ചത്. കാര്യക്ഷമമായ ഇടപെടലുകളിലൂടെ ലഹരി കടത്തിന് ശാശ്വതമായി തടയിടാനുള്ള പ്രവർത്തനമാണ് എക്സൈസ് സേന നടത്തുന്നത്.