ദില്ലി: കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടിയത്. അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലർത്തി വേണം നേതാക്കൾ ഇടപെടാനെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് സംസ്ഥാന നേതാക്കളോട് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും നേതാക്കളുമായി സംസാരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഏത് തരത്തിലായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ഹൈക്കമാൻഡ് യോഗത്തിൽ വ്യക്തമാക്കിയെന്നാണ് വിവരം.
കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം ഒറ്റക്കെട്ടായ പ്രവർത്തനവും അജണ്ടയിലൂന്നിയുള്ള നീക്കവുമാണെന്ന് രാഹുല്‍ഗാന്ധി കേരള നേതൃത്വത്തെ ഓര്‍മിപ്പിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമുണ്ട്. അതിനാല്‍ കർണാടകയെ മാതൃകയാക്കണമെന്ന് രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അവതരണം നടത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് ഉറപ്പ് നല്കി. ഒക്ടോബർ 31 ന് അകം ബൂത്ത് തലം വരെ ശക്തിപ്പെടുത്തി സംഘടനയെ ശക്തമായ നിലയിലേക്ക് എത്തിക്കുമെന്നാണ് കെ സുധാകരൻ യോഗത്തില്‍ പറഞ്ഞത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത തർക്കങ്ങളും യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ ചിലർ ഉന്നയിച്ചു. പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കപ്പെടണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ കർശന നിർദ്ദേശവും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാർട്ടിക്കകത്ത് പറയേണ്ടത് അകത്ത് മാത്രം പറഞ്ഞാൽ മതിയെന്ന നിർദ്ദേശം നൽകിയെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. മിത്ത് വിവാദവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എകെ ആന്റണിയും, ചികിത്സയിലായതിനാൽ രമേശ് ചെന്നിത്തലയും ഓണ്‍ലൈനായാണ് പങ്കെടുത്തത്.