Latest news National

23 വർഷത്തിന് ശേഷം ജയിൽ മോചിതനായി, തെറ്റുകൾക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്ത് കൊടും കുറ്റവാളി

ഒരുകാലത്ത് ഉത്തർപ്രദേശിനെ കിടുകിടാ വിറപ്പിച്ച പേരുകളിൽ ഒന്നാണ് ‘നജ്ജു ഗുജ്ജാർ’. ഷാജഹാൻപൂരിലും സമീപ പ്രദേശങ്ങളിലും 12 വർഷത്തോളം ഇയാൾ നടത്തിയത് കൊടും കുറ്റകൃത്യങ്ങൾ. 1999-ൽ മൂന്ന് സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയും വെടിവെച്ചുകൊന്നതുൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. കൊലപാതകം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഡസൻ കണക്കിന് കേസുകളിലും ഇയാൾ പ്രതിയാണ്. പൊലീസിന്റെ അശ്രാന്തപരിശ്രമത്തിനൊടുവിൽ കൊടും കുറ്റവാളി ഒടുവിൽ പിടിയിലായി.

നീണ്ട 23 വർഷത്തെ തടവിന് ശേഷം ഇപ്പോൾ ജയിൽ മോചിതനായിരിക്കുകയാണ് ഇയാൾ. പ്രതികാരത്തിന്റെ കണക്കുപുസ്തകം പൊടിതട്ടിയെടുക്കുമെന്ന് ഭയന്ന യുപി ജനതയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നജ്ജു ഗുജ്ജാർ. ജയിൽ മോചിതനായ ശേഷം നജ്ജു ഒരിക്കൽ കൂടി ഷാജഹാൻപൂരിലെത്തി. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമായി ബ്രഹ്മദേവ് ക്ഷേത്രത്തിൽ 101 കിലോ തൂക്കമുള്ള മണി സമർപ്പിക്കാനായിരുന്നു ഈ വരവ്. നൂറുകണക്കിനാളുകളാണ് കൊള്ളക്കാരനായ നജ്ജുവിനെ കാണാൻ തടിച്ചുകൂടിയത്.

ബിജെപി എംഎൽഎ വീർ വിക്രം സിംഗ് കുപ്രസിദ്ധ കൊള്ളക്കാരന് ഗംഭീര സ്വീകരണമാണ് നൽകിയത്. കൂടാതെ നജ്ജു ഗുജ്ജാറുമായി വേദി പങ്കിട്ടു. തിങ്കളാഴ്ച, ജില്ലയിലെ പരൂർ പ്രദേശത്തുള്ള ക്ഷേത്രത്തിൽ എംഎൽഎയ്‌ക്കൊപ്പമാണ് നജ്ജു മണി സംഭാവന ചെയ്തത്. ചെയ്ത കുറ്റകൃത്യങ്ങളിൽ പശ്ചാത്തപിക്കുന്നു. യുവതലമുറ കുറ്റകൃത്യങ്ങളിൽ നിന്ന് മാറിനിൽക്കണം. സ്വന്തം ഭാവിക്കും കുടുംബത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും നജ്ജു തദവസരത്തിൽ പറഞ്ഞു.

‘കുറ്റകൃത്യങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കും. നജ്ജു എന്നോടൊപ്പം ക്ഷേത്രത്തിൽ എത്തി താൻ ചെയ്ത കുറ്റങ്ങൾക്ക് ക്ഷമാപണം നടത്തി. ഒരു സാധാരണ മനുഷ്യന്റെ ജീവിതം നയിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. നജ്ജു വളരെയധികം കഷ്ടപ്പെട്ടു, അദ്ദേഹം ചെയ്ത തെറ്റുകൾക്ക് 23 വർഷം ശിക്ഷ അനുഭവിച്ചു. ഞാൻ അദ്ദേഹത്തെ ഈ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്നു’ – കത്ര എംഎൽഎ പറഞ്ഞു. മുൻ കൊള്ളക്കാരനെ “ഞങ്ങളുടെ ബഹുമാന്യനായ അമ്മാവൻ” എന്ന് പരാമർശിച്ചുകൊണ്ടാണ് നിയമസഭാംഗം തൻ്റെ പ്രസംഗം ആരംഭിച്ചത്.

പൊലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറയുന്നതനുസരിച്ച്, ജില്ലയിൽ നജ്ജുവിനെതിരെ 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ബറേലി സെൻട്രൽ ജയിലിലേക്ക് അയച്ച 1999-ലെ കൊലപാതക കേസും ഇതിൽ ഉൾപ്പെടുന്നുവെന്ന് എസ്പി പിടിഐയോട് പറഞ്ഞു. ‘1999-ൽ നജ്ജു മൂന്ന് സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയും വെടിവച്ചു കൊന്നു. പിന്നീട് ഇയാൾ കീഴടങ്ങി. അന്നുമുതൽ അദ്ദേഹം ബറേലി സെൻട്രൽ ജയിലിലായിരുന്നു’- മീണ പറഞ്ഞു. ഷാജഹാൻപൂർ, ബറേലി, ഫറൂഖാബാദ്, ബുദൗൺ, ഇറ്റാ, ഹർദോയ് ജില്ലകളിലാണ് നജ്ജുവിന്റെ സംഘത്തിന്റെ സ്വാധീനം.

തൊണ്ണൂറുകളിലെ ഭീകരത:
90-കളിൽ ഷാജഹാൻപൂർ, ഫറൂഖാബാദ്, ബദൗൺ എന്നിവിടങ്ങളിൽ ഭീകരതയുടെ പര്യായമായിരുന്നു നജ്ജു. ഡസൻ കണക്കിന് പൊലീസുകാരെയും ഗ്രാമീണരെയുമാണ് ഇയാളുടെ നേതൃത്വത്തിലുള്ള കൊള്ളസംഘം കൊന്നു തള്ളിയത്. ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങുന്നതും സംഘത്തിന്റെ പതിവായിരുന്നു. കാസ്ഗഞ്ചിലെ മരുധാർ എക്‌സ്പ്രസിലും നജ്ജു കവർച്ച നടത്തി, ഇതിനുപുറമെ 2 സൈനികരെയും കൊലപ്പെടുത്തിയിട്ടുണ്ട്. ഷാജഹാൻപൂർ, ബദൗൺ, ഫറൂഖാബാദ് എന്നിവിടങ്ങളിൽ കവർച്ച, കൊലപാതകം, കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഡസൻ കണക്കിന് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.