HEAD LINES Kerala Latest news

അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം അനുവദിച്ചു; വീണാ ജോർജ്

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്.

ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്.

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തിരിച്ചറിയൽ പരേഡിന് അനുമതി ലഭിച്ചു. തിരിച്ചറിയൽ പരേഡ് നടത്തിയതിന് ശേഷം അസ്ഫാക് ആലത്തിനായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നൽകും.

ആലുവ സബ് ജയിലിൽ റിമാൻഡിലുള്ള അസ്ഫാക് ആലത്തിനെ ആലുവ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. ഇതിന് എറണാകുളം സിജെഎം കോടതി അനുമതി നൽകി. കേസിലെ പ്രധാന സാക്ഷികളെ ജയിലിലെത്തിക്കും. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിക്കായി എറണാകുളം പോക്സോ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.