പാട്ടുകാരിയായില്ലായിരുന്നുവെങ്കിൽ താൻ അധ്യാപികയാകുമായിരുന്നുവെന്ന് നിസ്സംശയം ചിത്ര. അധ്യാപനം തന്റെ ഇഷ്ടപ്പെട്ട മേഖലയാണെന്നും ആ വഴി തന്നെ തെരഞ്ഞെടുത്തേനെയെന്നും അറുപതാം പിറന്നാൾ ദിനത്തിൽ ചിത്ര പങ്കുവച്ചു.
‘എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. ഞാൻ പഠിച്ചതും സംഗീതമാണ്. എന്റൊപ്പം പഠിച്ചവരെല്ലാം പല കോളജുകളിലും സംഗീത അധ്യാപകരാണ്. സിനിമയിൽ പാടുമെന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അധ്യാപനം തെരഞ്ഞെടുത്തേനെ’ – കെ.എസ് ചിത്ര പങ്കുവച്ചു.
താൻ പാടി തുങ്ങുന്ന സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് അച്ഛനായിരുന്നുവെന്ന് ചിത്ര ഓർമിച്ചു. എഞ്ചിനിയറായിരുന്ന വിജയനുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് അച്ഛന്റെ മരണം. അച്ഛന് ശേഷം തന്നെ റെക്കോർഡിംഗ് സ്റ്റുഡിയോകളിലും മറ്റും കൊണ്ടുനടന്നത് ഭർത്താവാണെന്നും, അദ്ദേഹം നൽകുന്ന പിന്തുണ വലുതാണെന്നും ചിത്ര പറഞ്ഞു. ‘എനിക്ക് എന്നും ഒരാളുടെ പിന്തുണ വേണമായിരുന്നു. ഒരിടത്തും ഞാൻ ഒറ്റയ്ക്ക് പോകാറില്ല. അതുകൊണ്ട് തന്നെ അദ്ദേഹം സ്വന്തം ജോലി രാജിവച്ച് എന്റെ സംഗീത ജീവിതത്തിനൊപ്പം നിന്നു. ഞാൻ തന്നെ എല്ലാം എടുത്ത് നൽകണമെന്ന് നിർബന്ധമുള്ള ഭർത്താവായിരുന്നുവെങ്കിൽ ഒരിക്കലും എനിക്ക് ഇങ്ങനെ ഒരു സംഗീത ജീവിതം ഉണ്ടാവുമായിരുന്നില്ല’- ചിത്ര പറയുന്നു.