India Kerala

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കാണുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പം; സുരേഷ് ഗോപി


ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അറിവ് സമ്പാദിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സുരേഷ് ഗോപി 24നോട് പറഞ്ഞു.

‘മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീര്‍ കാഴ്ചയില്‍ കാണുന്നത്. ചേതനയറ്റ് കിടക്കുമ്പോള്‍ കൊടുക്കുന്ന പാഠവും ഒരാള്‍ കടന്നുവരുമ്പോള്‍ കൊടുക്കുന്ന ആദരവും ആളുകള്‍ തിരിച്ചറിയും. മനസിലാക്കും. തിരുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. താനും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ആ കുടുംബത്തിനും മകള്‍ക്കും നന്നായി അറിയാം. ആ അടുപ്പം അദ്ദേഹവുമായി ചേര്‍ന്നുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബംഗളൂരുവില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ഉമ്മന്‍ചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളിയില്‍ നടക്കും. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്‌കാരം നടക്കുക. ജന്മനാടായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും. വൈകിട്ട് മൂന്നരയോടെ ശുശ്രൂഷകള്‍ തുടങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് അറിയിച്ചു. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. അഞ്ച് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കുമെന്നും കെ സി ജോസഫ് 24നോട് പറഞ്ഞു.