India Kerala

95 കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കിയ ‘ഉമ്മന്‍ചാണ്ടി കോളനി’ക്ക് ഇനി നാഥനില്ല


ഉമ്മന്‍ചാണ്ടി എന്ന അതുല്യ നേതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍. വീടും റോഡും സ്‌കൂളും കമ്മ്യൂണിറ്റിഹാളും എല്ലാം ഈ ആദിവാസി ജനതക്ക് നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്. ആ ജനകീയ നേതാവിന്റെ വിയോഗ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമാണ് ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍ക്ക്.

95 വീട്ടുകാരാണ് ഉമ്മന്‍ചാണ്ടി കോളനിയിലുള്ളത്. കുടുംബാംഗത്തെ പോലെയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ് ഇവര്‍ക്ക്. തിരിച്ച് ഉമ്മന്‍ചാണ്ടിക്കും അതുപോലെ തന്നെ. 1974 ല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി കുടിയിറക്കപ്പെട്ടവരെയാണ് കോളനിയില്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്. സ്ഥലത്തിന് പട്ടയം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തിയ അന്ന് മുതല്‍ തുടങ്ങിയതാണ് ഇവരും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം.

മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ചേര്‍ത്ത് പിടിച്ച നേതാവിന്റെ വിയോഗ വാര്‍ത്ത ഇവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. 2016 ലാണ് അവസാനമായി ഉമ്മന്‍ ചാണ്ടി കോളനിയിലെത്തിയത്. തങ്ങളുടെ പ്രിയ നേതാവിനായി കോളനി നിവാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി.