കേരളത്തിൽ എൻ.ഡി.എയ്ക്ക് വോട്ടിങ് ശതമാനം വർധിച്ചത് ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നതായി കുമ്മനം രാജശേഖരന്‍. ദേശീയതലത്തിൽ എൻ.ഡി.എയ്ക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നത്. നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിന് കേരളത്തിന്റെ സംഭാവനയും അനിവാര്യമാണെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എനിക്ക് വേണ്ട പിന്തുണയും സഹായവും നൽകിയ എല്ലാവരോടും എനിക്ക് ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. തിരുവനന്തപുരം പാർലമെൻറ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വേളയിൽ ഒട്ടനവധി സമ്മതിദായകരെ നേരിൽ കാണാൻ കഴിഞ്ഞു. നാടിന്റെയും, നാട്ടുകാരുടെയും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ എന്തു ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നും ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ഉള്ള എൻറെ വാഗ്ദാനം ഒരിക്കലും ഞാൻ ലംഘിക്കുകയില്ല. പ്രതിജ്ഞാബദ്ധനായി എല്ലാവരോടും ഒപ്പം ഞാനുണ്ടാകും. തോൽവി അതിനൊരു തടസ്സമല്ല. നമുക്ക് ഒരുമിച്ച് നിന്ന് നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാം. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടർന്നും പ്രവർത്തിക്കണമെന്നാണഗ്രഹം. ഒരുമയോടെ ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
ദേശീയതലത്തിൽ എൻ.ഡി.എയ്ക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും പ്രതിബദ്ധതയെയും ആണ് കാണിക്കുന്നത്. ശ്രീ നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിന് കേരളത്തിന്റെ സംഭാവനയും അനിവാര്യമാണ്. കേരളത്തിൽ എൻ.ഡി.എയ്ക്ക് വോട്ടിങ് ശതമാനം വർധിച്ചത് ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നു. കേരളത്തിന്റെ സമഗ്ര പരിവർത്തനത്തിന് ഇത് സഹായകമാകട്ടെ. വിജയം വരിച്ച എല്ലാവർക്കും എന്റെ ആശംസകൾ.