National

കർഷകർക്കൊപ്പം പാടത്തിറങ്ങി പണിയെടുത്ത് രാഹുൽ ഗാന്ധി

ഹരിയാനയിലെ സോനിപത്തിൽ നെൽകർഷകർക്കൊപ്പം വിത്തെറിഞ്ഞ് രാഹുൽ ഗാന്ധി. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം നിർത്തുകയായിരുന്നു. സ്വന്തമായി ട്രാക്ടർ ഓടിച്ച രാഹുൽ കർഷകർക്കൊപ്പം സമയം ചിലവഴിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ടത്. സോനിപത്തിലെ ബറോഡയിലെത്തിയപ്പോൾ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് വാഹനവ്യൂഹം നിർത്തുകയായിരുന്നു. രാഹുൽ മദീന ഗ്രാമത്തിലെ വയലുകളിൽ എത്തി കർഷകരുമായും തൊഴിലാളികളുമായും സംവദിക്കുകയും വിളയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

വയലിലിറങ്ങിയ രാഹുല്‍ സ്വയം ട്രാക്ടര്‍ ഓടിച്ച് പാടം ഉഴുതുമറിച്ചു. രാഹുൽ ഗാന്ധിയെ കാണാൻ ഗ്രാമവാസികൾ തടിച്ചുകൂടി. ബറോഡയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇന്ദുരാജ് നർവാൾ, ഗൊഹാനയിൽ നിന്നുള്ള എംഎൽഎ ജഗ്ബീർ സിങ് മാലിക് എന്നിവരും അദ്ദേഹത്തിന്റെ വരവിനുശേഷം മദീനയിലെത്തി. നെൽവിതയിലും അദ്ദേഹം പങ്കെടുത്തതായി സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.