യൂറോപ്പിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് സാക്ഷാൽ ജെറാർഡോ മാർട്ടിനോ. മെസ്സിയെ ബാഴ്സലോണയിലും അർജന്റീന കുപ്പായത്തിലും പരിശീലിപ്പിച്ച കോച്ചാണ് അദ്ദേഹം. ജെറാർഡോ മാർട്ടിനോ ക്ലബ്ബുമായി കരാർ ഒപ്പിയിട്ടതായി ഇന്റർ മയാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2013 – 14 സീസണിൽ ബാഴ്സലോണയുടെ പരിശീലകനായിരുന്നു ‘ടാറ്റ’ എന്നറിയപ്പെടുന്ന ജെറാർഡോ മാർട്ടിനോ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിട്ട ടിറ്റോ വിലനോവക്ക് പകരമായിരുന്നു ജെറാർഡോ മാർട്ടിനോ സ്ഥാനമേൽക്കുന്നത്. പരിശീലകന് കീഴിൽ ആദ്യ പതിനാറു മത്സരങ്ങളിൽ തോൽവിയറിയാതെ ബാഴ്സലോണ കുതിച്ചിരുന്നു. എന്നാൽ, ആ സീസണിൽ സ്പാനിഷ് സൂപ്പർ കപ്പ് മാത്രമേ ടീമിന് നേടാൻ സാധിച്ചുള്ളൂ. കോപ്പ ഡെൽ റെ ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടു. കൂടാതെ, അവസാന ദിവസം വരെ നീണ്ടുനിന്ന ആവേശകരമായ ലാ ലിഗ കിരീട പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ അത്ലറ്റികോ മാഡ്രിഡിന് മുന്നിൽ ബാഴ്സ വീണു. സീസണിലെ പ്രധാന കിരീടങ്ങൾ നേടാൻ സാധിക്കാതിരുന്നതോടെ ആ സീസണിന്റെ അവസാനം ജെറാർഡോ മാർട്ടിനോ ക്ലബ്ബിൽ നിന്നും രാജിവെച്ചു.
തുടർന്ന്, അദ്ദേഹം അർജന്റീനയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു. 2014 ഫിഫ ലോകകപ്പിൽ ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ട് പടിയിറങ്ങിയ അലജാൻഡ്രോ സബെല്ല പിൻഗാമിയായാണ് ടാറ്റ ടീമിലെത്തുന്നത്. അവിടെ അദ്ദേഹത്തെ കാത്തിരുന്നത്, വിഖ്വാതമായ രണ്ടു ഫൈനൽ തോൽവികളായിരുന്നു. 2015ലെയും 2016ലെയും കോപ്പ അമേരിക്കയിൽ ഫൈനലിലെത്തിയ അർജന്റീന, രണ്ടു വർഷവും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചിലിയോട് പരാജയപ്പെട്ടു. രണ്ടാമതും പരാജയം നേരിട്ടതോടെ, ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം രാജി പ്രഖ്യാപിച്ചു.
തുടർന്ന്, അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകനായി അദ്ദേഹം നിയമിതനായി. ഒരു വർഷം മാത്രം ടീമിനൊപ്പം നിന്ന പരിശീലകൻ ക്ലബിന് ആദ്യ കിരീടം നേടികൊടുത്താൻ പടിയിറങ്ങിയത്. ഖത്തർ ലോകകപ്പിൽ മെക്സിക്കോയെ പരിശീലിപ്പിച്ച ശേഷമാണ് നിലവിൽ മേജർ ലീഗിലെ തന്നെ ഇന്റർ മയാമിയുടെ ഭാഗമാകുന്നത്.