Cricket

ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. ഇഷാന്‍ കിഷാനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരം കൂടിയാണിത്.

റിപ്പോർട്ടുകൾക്ക് വിരുദ്ധമായി രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകിയിട്ടില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഡെപ്യൂട്ടി ആയി ടീമിനെ നയിക്കും. പരുക്കിൽ നിന്നും കരകയറുന്ന കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഒഴിവാക്കി. റിതുരാജ് ഗെയ്ക്വാദിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്രാന്‍ മാലിക് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പേസർ മുകേഷ് കുമാറും ടീമില്‍ ഇടം നേടി. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ജൂലൈ 12 മുതലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മയാകും ടീം ഇന്ത്യയുടെ നായകൻ. രോഹിത്തിനൊപ്പം അജിങ്ക്യ രഹാനെയ്ക്കും സുപ്രധാനമായ ഉത്തരവാദിത്തം ലഭിച്ചു. രഹാനെയെ വൈസ് ക്യാപ്റ്റൻ ആക്കി. മികച്ച തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ടാണ് രഹാനെയുടെ തിരിച്ചുവരവ്. മോശം പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാരയെയും ഉമേഷ് യാദവിനെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പുതുമുഖ താരങ്ങളായ യശ്വസി ജയ്‌സ്വാളും ഗെയ്ക്വാദും ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടി. പേസര്‍ നവ്ദീപ് സെയ്‌നിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു.