Gulf

ദേശീയഗാനം കേട്ടു, ആദരസൂചകമായി വെയിലത്ത് നിശ്ചലമായി നിന്ന് വിദ്യാർത്ഥികൾ; നേരിട്ടെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്ന രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് നടന്നുവരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുപേർ ആദരസൂചകമായി നിശ്ചലമായി നിന്നു. ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാടത്തിലേക്ക് ഓടുന്നതിനുപകരം ബഹുമാന സൂചകമായി വെയിലത്ത് നിശ്ചലമായി നിന്നത്. വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിദ്യാർഥികളെ നേരിട്ടെത്തി ആദരിച്ചു. സ്കൂൾ ബാഗുകളും മറ്റുമായി വിദ്യാർഥികൾ സ്കൂളിന് മുന്നിൽ നിൽക്കുന്ന വിഡിയോ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഷെയ്ഖ് ഹംദാൻ രണ്ട് ആൺകുട്ടികളുമായും കുശലം പറയുകയും അവരെ പ്രശംസിക്കുകയുമായിരുന്നു.

ദേശീയഗാന സമയത്ത് ഓടാതെയും നടക്കാതെയും നിന്നതിന് എല്ലാ എമിറാത്തികളും നിങ്ങളോട് നന്ദിയുള്ളവരാണ് എന്നാണ് അദ്ദേഹം കുട്ടികളോട് പറഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുട്ടികളുടെ സ്‌കൂളിന്റെ സൂപ്പർവൈസറാണ് ആദ്യം വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേർ വിഡിയോ കണ്ടു.