Kerala

നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം; കലിംഗ വിസി പൊലീസിന് മൊഴി നൽകി

എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഡിവൈഎസ്പി കേരള സർവ്വകലാശാലയിൽ നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്. 

കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടാനായി നിഖിൽ തോമസ് ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ് സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരളആ സർവകലാശാല വിസിയും കലിംഗ സർവകലാശാല രജിസ്ട്രാറും സ്ഥിരീകരിച്ചിരുന്നു. ബി.കോം പാസാകാതെയാണ് നിഖിൽ എംഎസ്എം കോളജിൽ ഉപരിപഠനത്തിന് ചേർന്നത്.

നിഖിൽ തോമസ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. നിഖിൽ തോമസിനെ കണ്ടെത്താനുള്ള അന്വേഷണത്തിനായി എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം പ്രകാരം അവസാനമായി നിഖിൽ തോമസിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത് തിങ്കൾ ഉച്ചയ്ക്ക് തിരുവനന്തപുരത്താണ്. കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് സർവ്വകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും.

അതേസമയം, വ്യാജ രേഖ വിവാദത്തിൽ നിഖിൽ തോമസിനെ പുറത്താക്കിയെങ്കിലും തുടർ നടപടിക്കൊരുങ്ങുകയാണ് എസ്.എഫ്.ഐ. നിഖിലിനെ വ്യാജരേഖയുണ്ടാക്കാൻ സഹായിച്ചവർക്ക് എതിരെയും നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കർശന നടപടിക്ക് സിപിഐഎം നേതൃത്വം നിർദേശം നൽകിയിരുന്നു. സംഘടനയെ തെറ്റിദ്ധരിപ്പിച്ചതിനാണ് നിഖിലിനെതിരെ നടപടിയെന്നായിരുന്നു എസ്.എഫ്.ഐ വിശദീകരണം.