ആലപ്പുഴയില്‍ നിഖില്‍ തോമസിന്റെ വ്യജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്‌ഐ വാദം പൊളിയുന്നു. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. എംഎസ്എം കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും കോളജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് കേരള സര്‍വകലാശാല. കേസ് കൊടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് കോളജ് പ്രിന്‍സിപ്പലും വ്യക്തമാക്കി. ബി.കോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സര്‍വകലാശാല യൂണിയനുകളില്‍ പ്രവര്‍ത്തിച്ചോ, എം.കോം പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയാകും പ്രധാനമായും പരിശോധിക്കുക. നിഖില്‍തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് സര്‍വകലാശാലക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ പറഞ്ഞു.
പിജി പ്രവേശനത്തിന് നിഖില്‍ തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്നാണ് എസ്എഫ്‌ഐ സംസ്ഥാനനേതൃത്വത്തിന്റെ വാദം. കേരള സര്‍വകലാശാലയിലെ ഡിഗ്രി കോഴ്‌സ് അവസാനിപ്പിച്ച ശേഷമാണ് കലിംഗയില്‍ നിഖില്‍ തോമസ് ചേര്‍ന്നത് . റെഗുലര്‍ കോഴ്‌സ് പഠിച്ചാണ് നിഖില്‍ പാസായതെന്ന് പറയുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പക്ഷേ ഹാജരിന്റെ കാര്യത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായില്ല.