ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കും. പാകിസ്താൻ ആതിഥ്യം വഹിച്ചിരിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ്. നാല് ഗ്രൂപ്പ് മത്സരങ്ങൾ പാകിസ്താനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലുമാണ് നടക്കുക. ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെൻ്റിലുള്ളത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ ടീമുകളാണുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ. ഓഗസ്റ്റ് 31നാണ് ടൂർണമെൻ്റ് ആരംഭിക്കും. സെപ്തംബർ 17ന് ഫൈനൽ.
ഏറെ ചർച്ചകൾക്കു ശേഷമാണ് ഏഷ്യാ കപ്പിന് പച്ചക്കൊടി ഉയർന്നിരിക്കുന്നത്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യയ്ക്ക് അവിടെ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാടെടുത്തു. ഇതോടെ പിസിബി ഹൈബ്രിഡ് മോഡൽ എന്ന ആശയം മുന്നോട്ടുവച്ചു. ഇത് ആദ്യ ഘട്ടത്തിൽ ബിസിസിഐ എതിർത്തു. ഇതിനിടെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലെത്തിയില്ലെങ്കിൽ ലോകകപ്പിനായി പാകിസ്താൻ ഇന്ത്യയിലെത്തില്ലെന്ന് പിസിബിയും നിലപാടെടുത്തു. ഇത് വീണ്ടും അസ്വാരസ്യങ്ങൾക്കിടയാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തന്നെ ഹൈബ്രിഡ് മോഡലിൻ്റെ കാര്യം സ്ഥിരീകരിച്ചത്.