പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ ക്രമക്കേടിൽ പൊലീസിനെതിരെ ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ കുടുംബവും ആക്ഷൻ കൗൺസിലും. സജീവൻ കൊല്ലപ്പിള്ളിയുടെ അറസ്റ്റ് വൈകുന്നത് പൊലീസിൻറെ ഒത്തുകളിയെന്ന് സംശയിക്കുന്നു. രാജേന്ദ്രൻ നായരുടെ മരണകാരണം സജീവൻ എന്ന് ഭാര്യ ജലജയും മകനും ആരോപിച്ചു.
മരണം നടന്ന് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് വൈകിക്കുകയാണ് എന്നും കുടുംബം ആരോപിക്കുന്നു. ആത്മഹത്യാകുറിപ്പ് പുറത്തുവന്നിട്ടും അന്വേഷണം കാര്യക്ഷമമാകുന്നില്ല. ധനസഹായത്തിലും തീരുമാനമുണ്ടാകുന്നില്ല. രാജേന്ദ്രൻ നായരുടെ മരണത്തിൽ ധനസഹായം ഉറപ്പാക്കുമെന്ന് തഹസിൽദാർ രേഖാമൂലം അറിയിച്ചിരുന്നു. ഇതേ കുറിച്ച് ഒരുതരത്തിലുള്ള തുടരന്വേഷണവും ഉണ്ടായില്ല. ഉദ്യോഗസ്ഥർ ആരും വീട്ടിലേക്ക് വന്നില്ല എന്നും കുടുംബം ആരോപിച്ചു.
ആത്മഹത്യാ കുറിപ്പിൽ പേരുള്ള മുൻ ഡയറക്ടറെ ചോദ്യം ചെയ്തില്ലെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. സുജാത ദിലീപ് കോടികൾ തട്ടിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നും കൗൺസിൽ കൺവീനർ അജയകുമാർ പുൽപ്പള്ളി പറഞ്ഞു.
ഈ മാസം 9നാണ് രാജേന്ദ്രൻ നായരിൻ്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഡയറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്. കത്ത് പൊലീസിനു കൈമാറി. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
സജീവൻ കൊല്ലപ്പള്ളി, കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകളാണ് ആത്‌മഹത്യാ കുറിപ്പിലുള്ളത്. ബാങ്കിൽനിന്ന് ലോണെടുത്തത് 70,000 രൂപ മാത്രമാണ്. തന്നെ ഇവർ ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശമുണ്ട്. കഴിഞ്ഞ മാസം 29 നാണ് രാജേന്ദ്രൻ നായർ ജീവനൊടുക്കിയത്.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായി എന്നാണ് നിഗമനം. കെകെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ആയിരിക്കെയാണ് ബാങ്കിൽ ക്രമക്കേട് നടന്നത്. എട്ടു കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കെ കെ എബ്രഹാം നിലവിൽ റിമാൻഡിലാണ്. കേസിനെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം എബ്രഹാം രാജിവച്ചിരുന്നു.