Uncategorized

അന്വേഷണം വഴിതിരിക്കാന്‍ തുടരെ തുടരെ ഫോണ്‍ സന്ദേശം; അമ്പൂരി രാഖി കേസില്‍ പ്രതികളെ കുടുക്കിയത് അതിബുദ്ധി

അമ്പൂരി രാഖി കൊലപാതക കേസില്‍ അന്വേഷണത്തില്‍ നിര്‍ണായകമായത് പ്രതികളുടെ അതിബുദ്ധി. അന്വേഷണം വഴി തെറ്റിക്കാന്‍ അഖില്‍ അയച്ച സന്ദേശങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ച പിടിവള്ളി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ
പൊലീസ് പ്രതികളെ വായിലാക്കുകയായിരുന്നു

ക്രൂര കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ നടപ്പിലാക്കിയത്. രാഖിയുമായി പ്രണയത്തിലിരിക്കെ അന്തിയൂര്‍ക്കോണം സ്വദേശിയുമായി വിവാഹം നിശ്ചയിച്ച ചിത്രങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.ഇത് ചോദ്യം ചെയ്തതോടെ രാഖിയെ ഇല്ലാതാക്കാന്‍ അഖിലും, സഹോദരന്‍ രാഹുലും ഗൂഢാലോചന ആരംഭിച്ചു. സഹായത്തിനു സുഹൃത്ത് ആദര്‍ശിനെയും ഒപ്പം കൂട്ടി. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിക്ക് സമീപമെത്തിച്ച് രാഖിയുടെ വസ്ത്രങ്ങള്‍ മാറ്റിയശേഷം ഉള്ളില്‍ ഇട്ടു ഉപ്പും വിതറി മണ്ണിട്ടു മൂടി വൃക്ഷ തൈകള്‍ വച്ച് പിടിപ്പിച്ചു. തുടര്‍ന്ന് അഖില്‍ ജോലിസ്ഥലമായ ലഡാക്കിലും ആദര്‍ശും രാഹുലും ഗുരുവായൂരിലേക്കും ഒളിവില്‍ പോയി.

അന്വേഷണം വഴിതെറ്റിക്കാന്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ സന്ദേശമാണ് നിര്‍ണായകമായത്. രാഖിയുടെ സിംകാര്‍ഡ് മറ്റൊരു മൊബൈലില്‍ ഇട്ടു തുടരെ തുടരെ സന്ദേശങ്ങള്‍ അയച്ചു. അഖിലിനെ പിരിയുകയാണെന്നും മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സന്ദേശം എത്തിയത് രാഖിയുടെ ഫോണില്‍ നിന്നുമല്ലെന്നു സ്ഥിരീകരിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വില്‍ക്കുന്ന കടയില്‍ നിന്ന് ഫോണ്‍ വാങ്ങിയത് ആദര്‍ശും രാഹുലുമെന്നു കണ്ടെത്തി. വിരലടയാളം ഉപയോഗിച്ച് ഓണ്‍ ആക്കുന്നതായിരുന്നു രാഖിയുടെ ഫോണ്‍. രാഖിയുടെ ശരീരം മറവ് ചെയ്തതോടെ ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതായതോടെയാണ് മറ്റൊരു ഫോണ്‍ വാങ്ങേണ്ടി വന്നത്. അതാണ് പ്രതികളെ കുടുക്കിയതും.