അമൽ ജ്യോതി കോളജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ചീഫ് വിപ്പിനെയും ഡിവൈഎസ്പിയേയും തടഞ്ഞ് വെച്ചതിനാണ് കേസ്. കണ്ടാലറിയുവുന്ന അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന കോട്ടയം എസ്പി ഇന്നലെ പറഞ്ഞിരുന്നു.വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.
രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ, കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളജ് അധികൃതർ ഡോക്ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർഥികളും ബന്ധുക്കളും ആരോപിക്കുന്നു.
അതേസമയം ശ്രദ്ധയുടെ മുറിയില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയരുന്നു. എന്നാൽ ആറു മാസം മുന്‍പ് ശ്രദ്ധ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെ ആത്മഹത്യ കുറിപ്പായി വ്യാഖ്യാനിച്ച് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നാണ് ശ്രദ്ധയുടെ കുടുംബം ആരോപിക്കുന്നത്.