Football

ഫുട്ബോൾ ഫെഡറേഷൻ്റെ പിഴ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി; വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ്

വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ്. അടുത്തിടെ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും അതുകൊണ്ട് വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയാണെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഇക്കൊല്ലം വനിതാ ടീമിനായി വലിയ നിക്ഷേപങ്ങൾ നടത്താൻ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു എന്നും ഇനി അതിനു സാധിക്കില്ല എന്നും ക്ലബ് അറിയിച്ചു. പുരുഷ ടീമിൻ്റേഠു പോലുള്ള പ്രീ സീസൺ വിദേശ പര്യടനം, താരക്കൈമാറ്റം തുടങ്ങിയവയെല്ലാം തീരുമാനിച്ചിരുന്നു, പ്രവർത്തനം നിർത്തുന്നത് താത്കാലികമാണ്. സാമ്പത്തിക പ്രശ്നങ്ങൾ തീർന്നാൽ വനിതാ ടീമിനെ പുനഃസ്ഥാപിക്കുമെന്നും ക്ലബ് പറഞ്ഞു.

കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി കേരള വിമൻസ് ലീഗിൽ കളിച്ചത്. സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ക്ലബിനു കഴിഞ്ഞിരുന്നു.