Kerala

ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ ഉറപ്പ്; സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി

കാട്ടിറച്ചി കെെവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥ‌രെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി. തിരിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സരുൺ സജി താഴെയിറങ്ങിയത്.

സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം വനംവകുപ്പ് തിരിച്ചെടുത്തിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് സരുൺ ഇപ്പോൾ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത്.

2022 സെപ്തംബർ 20ന് ആണ് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സരുൺ സജിയ്‌ക്കെതിരെ കള്ളക്കേസ് എടുത്തത്. പത്ത് ദിവത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

പിന്നാലെയാണ് സരുണിന് എതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കം 7 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു സസ്‌പെൻഡു ചെയ്തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തു.കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ പൊലീസ് 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും എടുത്തില്ലെന്നും ആരോപണമുണ്ട്.