National

സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചു; 13 കാരിയുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ: വിഡിയോ

മധ്യപ്രദേശിൽ സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ. 13കാരിയായ തൻ്റെ മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ പോകുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം.

അരിവാൾ രോഗത്തെ തുടർന്നാണ് തൻ്റെ ഗ്രാമത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ലക്ഷ്‌മൺ സിംഗ് മകളെ എത്തിച്ചത്. ചികിത്സയിലിരിക്കെ മകൾ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പിതാവ് ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിച്ചില്ല എന്ന് വീട്ടുകാർ ആരോപിക്കുന്നു. 15 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിലേക്ക് ആംബുലൻസ് അനുവദിക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകളുടെ മൃതദേഹം കൊണ്ടുപോകാൻ സ്വന്തമായി വാഹനം കണ്ടെത്തണെമെന്ന് ഇവർ പറഞ്ഞെന്നും വീട്ടുകാർ ആരോപിച്ചു.

ഇത്ര ദൂരത്തേക്ക് വാഹനം വാടകയ്ക്കെടുക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് മകളുടെ മൃതദേഹം ബൈക്കിൽ വച്ച് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ബൈക്കിൽ സഞ്ചരിക്കവെ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ വച്ച് ഷാഡോൾ കലക്ടർ ഈ കാഴ്ച കണ്ടു. തുടർന്ന് കളക്ടർ ഇടപെട്ട് ഒരു വാഹനം ഏർപ്പാടാക്കിത്തന്നു എന്ന് ലക്ഷ്‌മൺ സിംഗ് പറഞ്ഞു.