എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇവിഎം ക്രമക്കേടിന് കളമൊരുക്കാനാണെന്ന കടുത്ത വിമര്‍ശവുമായി മമത ബാനര്‍ജിയുടെ ട്വീറ്റ്. ഒന്നുകില്‍ ആയിരക്കണക്കിന് ഇവിഎമ്മുകള്‍ മാറ്റിയെടുക്കും അല്ലെങ്കില്‍ അവയില്‍ ക്രമക്കേട് വരുത്തും. ഈ ഊഹക്കളിയില്‍ വിശ്വാസമില്ലെന്നുംമമത ട്വീറ്റില്‍ പറയുന്നു. ടിവി ഓഫ് ചെയ്യാനും സോഷ്യല്‍ മീഡിയ ലോഗ് ഔട്ട് ചെയ്യാനുമുള്ള സമയമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ പരിഹാസം.
എക്സിറ്റ് പോളുകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിന് ഇവിഎമുകള്‍ മാറ്റിയെടുക്കാനോ അവയില്‍ ക്രമക്കേട് വരുത്താനോ ഉള്ള നീക്കമാണ് ഈ എക്സിറ്റ് പോള്‍ ഫലങ്ങളെന്നാണ് മമതയുടെ വിമര്‍ശം. ഈ ഊഹക്കളിയില്‍ വിശ്വാസമില്ല. പ്രതിപക്ഷം ഐക്യപ്പെട്ട് ശക്തമായി പോരാടണമെന്നും മമത ട്വീറ്റില്‍ ആവശ്യപ്പെട്ടു.
അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങളെ പരിഹസിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തത്. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ശരിയാകുമോയെന്ന് ആശ്ചര്യപ്പെട്ട ഉമര്‍ അബ്ദുല്ല ഫലം വരുന്ന 23ന് ലോകം ഇതേ അച്ചുതണ്ടില്‍ തന്നെ കറങ്ങുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും പരിഹസിച്ചു. ടിവി ഓഫ് ചെയ്യാനും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്ക്കാനുമുള്ള സമയമാണിതെന്നും ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.