National

മനസറിയിച്ച് ഹൈക്കമാന്‍ഡ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെയെന്ന് പാര്‍ട്ടി; സമവായത്തിന് വഴങ്ങാന്‍ ഡി കെയോട് അഭ്യര്‍ത്ഥിച്ചു

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സമവായത്തിന് വഴിപ്പെടാന്‍ ഡി കെ ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചെന്നാണ് വിവരം. ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഡികെയ്ക്ക് അവസരം ഒരുക്കാമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ താത്പര്യം ഡി കെ ശിവകുമാര്‍ അംഗീകരിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങള്‍ പാര്‍ട്ടി ആരായും. ടേം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഇരുവര്‍ക്കും നല്‍കിയേക്കുമെന്ന ചില സൂചനകളും മുന്‍പ് പുറത്തുവന്നിരുന്നു. നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള ഡികെയുടെ പ്രതികരണം അറിഞ്ഞ ശേഷമാകും ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരിക.

പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.