Football

ഇത് സാവിയുടെ ബാഴ്സ; സ്പാനിഷ് ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് കറ്റാലൻ ക്ലബ്

ലോക ഫുട്ബാൾ ആരാധകരെ കാണൂ. ഇതാ സാവിയുടെ ബാഴ്സലോണ! കടുത്ത സാമ്പത്തിക പ്രതിസന്ധിയും മെസിയുടെ ക്ലബ്ബിൽ നിന്നുള്ള വിടവാങ്ങലും തുടർച്ചയായുള്ള പരിക്കുകളും വേട്ടയാടിയ കറ്റാലൻ ക്ലബ് സ്പാനിഷ് ലാ ലീഗ കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. നാല് വർഷത്തെ ഇടവേളക്ക് ബാഴ്സയുടെ ലീഗ് വിജയം. 1999-ന് ശേഷം ആദ്യമായാണ് മെസിയില്ലാതെ ബാഴ്സലോണ കിരീടമുയർത്തുന്നത്. ഇന്നലെ എസ്പാന്യോളിനെതിരായ മത്സരം ആധികാരികമായി വിജയിക്കാൻ സാധിച്ചതാണ് ബാഴ്‌സയെ സഹായിച്ചത്. 

എസ്പാന്യോളിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. ടീമിനായി റോബർട്ട് ലെവൻഡോസ്‌കി ഇരട്ട ഗോളും അലെയാൺഡ്രോ ബാൾഡെ, യൂൾസ് കുൺഡെ എന്നിവർ ഓരോ ഗോളുകളും നേടി. എസ്പാന്യോളിനായി ജാവി പുവാഡോ, ജോസെലു എന്നിവർ ആശ്വാസ ഗോളുകൾ നേടി.

ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെർണാഡസ് സ്ഥാനമേറ്റ ശേഷം നേടുന്ന ആദ്യ കിരീടമാണിത്. കഴിഞ്ഞ സീസൺ മധ്യേ ക്ലബ്ബിലെത്തിയ സാവിക്ക് ലഭിച്ച ആദ്യ മുഴുവൻ സീസണിൽ തന്നെ സ്പാനിഷ് കിരീടം നേടിയത് ടീമിനും ആരാധകർക്കും ഉണ്ടാക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. സീസൺ തുടങ്ങിയത് മുതലേ തോൽവികൾ അറിയാതെയുള്ള കുതിപ്പായിരുന്നു ബാഴ്സയുടെത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇക്കണോമിക് ലെവറുകൾ ഉപയോഗിച്ചാണ് മുങ്ങിത്താഴാതെ ബാഴ്സ പിടിച്ചു നിന്നത്.

സമ്മർ വിൻഡോയിൽ ടീമിലെത്തിച്ച ലെവൻഡോസ്‌കിയും റാഫിഞ്ഞയും യൂൾസ് കുൺഡെയും ക്രിസ്റ്റൺസനും കെസിയെയും തിളങ്ങിയപ്പോൾ ബാഴ്‌സലോണയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൂടാതെ, ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്നും വളർന്നു വന്ന അലെയാൺഡ്രോ ബാൾഡെ എന്ന പത്തൊന്പതുകാരൻ മുതിർന്ന താരങ്ങളായ ജോർഡി ആൽബയും മർക്കസ് അലോൻസോവും മത്സരിക്കുന്ന ടീമിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷൻ പിടിച്ചടക്കി. കൂടാതെ, 15 വയസ് മാത്രം പ്രായമുള്ള കൗമാര താരം ലാമിനെ യാമലിന്റെ അരങ്ങേറ്റത്തിനും ഈ സീസൺ സാക്ഷ്യം വഹിച്ചു.

സീസണിനിടെ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച ബാഴ്സയുടെ ഇതിഹാസ താരം ജെറാർഡ് പികെയ്ക്ക് ഒപ്പം സീസണിന് അവസാനം ക്ലബ് വിടാൻ ഒരുങ്ങുന്ന ബാഴ്‌സയുടെ മധ്യ നിരയിലെ സെർജിയോ ബുസ്ക്കെറ്സും പാടിയറങ്ങുമ്പോൾ സുവർണ്ണ തലമുറയിൽ അവശേഷിക്കുന്ന ഒരാളും ഇനി ടീമിൽ ബാക്കിയില്ല. അടുത്ത സീസണിന് മുന്നോടിയായി ബാഴ്സയുടെ എക്കാലത്തെയും മികച്ച താരമായിരുന്ന ലയണൽ മെസിയെ തിരിക്കെത്തിക്കാൻ ശ്രമിക്കുന്ന ക്ലബിന് ഈ കിരീട നേട്ടം കൂടുതൽ ഊർജം നൽകും.