Kerala

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി

ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ സാഹചര്യത്തിലാണ് തിരുമാനം. ഈ അരവണ ഭക്തർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യം ആണെന്ന് സുപ്രീംകോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതായിരുന്നു ഹർജ്ജി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കർശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന. ഇക്കാര്യത്തിൽ ഒരുവിധ വീഴ്ചകളും പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ടൂം പരിശോധന നടത്താം. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദ്ദേശം.

പരിശോധനാ റിപ്പോർട്ട് ദേവസ്വം ബോർഡ് സുപ്രീംകോടതിക്ക് കൈമാറണം. ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ആറ് ലക്ഷത്തിലധികം ടിൻ ആരവണയുടെ വിൽപ്പനയാണ് കേരള ഹൈക്കോടതി തടഞ്ഞത്. ഈ ആരവണയിൽ പരിശോധന നടത്താൻ അനുവദിക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെയും ആവശ്യം. ഈ അരവണ ഇനി ഭക്തർക്ക് വിൽക്കാൻ ആലോചിക്കുന്നില്ലെന്നില്ലെന്ന് ബോർഡ് സുപ്രീംകോടതിയിൽ പറഞ്ഞു.