Kerala

കേരള സ്റ്റോറി പ്രദർശനം തടയണം; ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹർജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി​ലേക്ക് അയച്ചിരുന്നു.സിനിമ പ്രദർശനത്തിന് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചപ്പോഴാണ് ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്.

അതേസമയം കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബംഗാൾ സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു.

അതിനിടെ വിവാദങ്ങൾക്കിടയിലും ഒൻപത് ദിവസം കൊണ്ട് 100 കോടി കടന്ന് ‘ദി കേരള സ്റ്റോറി’. ആദാ ശർമ്മയുടെ ‘ദി കേരള സ്റ്റോറി’ ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോൾ 113 കോടിയും കടന്ന് കുതിക്കുകയാണ്. ബോക്സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം വാരിക്കൂട്ടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്നാണ് റിപ്പോർട്ട്.