Cricket

ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഒറ്റയക്ക സ്കോറുകൾ; ഒറ്റക്കളിയിൽ രണ്ട് റെക്കോർഡുകളുമായി രോഹിത്

ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായത് രോഹിത് ശർമ കുറിച്ചത് രണ്ട് റെക്കോർഡുകൾ. ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഏറ്റവുമധികം ഒറ്റയക്ക സ്കോറുകൾ എന്നീ റെക്കോർഡുകളാണ് രോഹിത് കുറിച്ചത്. ഇന്നലെ ആദ്യ ഓവറിൽ ഋഷി ധവാൻ രോഹിതിനെ പുറത്താക്കുകയായിരുന്നു

ഇന്നലെ 0നു പുറത്തായതോടെ രോഹിതിന് ഐപിഎലിൽ ആകെ 15 ഡക്കുകളായി. ദിനേശ് കാർത്തിക്, സുനിൽ നരേൻ, മൻദീപ് സിംഗ് എന്നിവർക്കും 15 ഡകുകൾ വീതമുണ്ട്. ഇതോടൊപ്പം ഐപിഎലിനെ തൻ്റെ 70ആം ഒറ്റയക്ക സ്കോറും രോഹിത് ഇന്നലെ കുറിച്ചു. രണ്ടാം സ്ഥാനത്തുള്ള ദിനേശ് കാർത്തിക് 68 തവണ ഒറ്റയക്കത്തിനു പുറത്തായിട്ടുണ്ട്. 236 മത്സരങ്ങളിൽ നിന്നാണ് രോഹിതിൻ്റെ ഈ റെക്കോർഡ്. കാർത്തിക് 238 മത്സരങ്ങളിലും നരേൻ 157 ഐപിഎൽ മത്സരങ്ങളിലും കളിച്ചു. മൻദീപ് സിംഗ് ആകെ 111 മത്സരങ്ങളിലാണ് കളിച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് വിജയിച്ചിരുന്നു. പഞ്ചാബ് ഉയർത്തിയ 214 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും തകർപ്പൻ പ്രകടനമാണ് മുംബൈക്ക് കരുത്തായത്.