ഫുട്ബോൾ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അണ്ടർ 17 നിരക്ക് എതിരെ ഇന്ത്യ അണ്ടർ 17 ടീം ഇന്ന് ഇറങ്ങുന്നു. ഇന്ന് വൈകീട്ട് 8:30ന് ടീമിന്റെ പരിശീലന മൈതാനമായ ഡിപോർട്ടിവ ഡെൽ റിയൽ മാഡ്രിഡിൽ വെച്ചാണ് മത്സരം. 2023 ജൂണിൽ തായ്ലൻഡിൽ നടക്കാനിരിക്കുന്ന എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പിനായി തയ്യെടുക്കുന്ന ഇന്ത്യ പരിശീലനത്തിനായാണ് സ്പെയിനിൽ എത്തിയത്. ജപ്പാൻ, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഏഷ്യൻ കപ്പിൽ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്.
സ്പാനിൽ നടന്ന മൂന്ന് പരിശീലന മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ഇന്ത്യ വിജയം നേടിയിരുന്നു. ലെഗാനെസിൻറെ അണ്ടർ 18 ടീമിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ ഇന്ത്യൻ ടീം അത്ലറ്റിക്കോ മാഡ്രിഡിന്റെ അണ്ടർ 16, അണ്ടർ 17 ടീമുകളെ പരാജയപ്പെടുത്തിയിരുന്നു.
റയൽ മാഡ്രിഡ് പോലുള്ള ലോകോത്തര ക്ലബിൽ നിന്നുള്ള മികച്ച പരിശീലനം ലഭിച്ച കളിക്കാരെ നേരിടാൻ സാധിക്കുക എന്നത് ഇന്ത്യക്ക് വൻ അവസരമാണെന്ന് ഇന്ത്യൻ യുവനിരയുടെ പരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് വ്യക്തമാക്കി. എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പിന് തയ്യറെടുക്കുന്ന ഇന്ത്യക്ക് സ്പാനിഷ് ക്ലബ്ബുകളിലെ പരിശീലകർ ഫലപ്രദമായ സെഷനുകൾ നൽകിയത് താരങ്ങൾക്ക് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.