ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കല്യാണ പന്തല്‍ ഉയരേണ്ട വീടായിരുന്നു കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിരയുടേത്. സ്വപ്നങ്ങളും പ്രതീക്ഷയും സന്തോഷവും ഉയരേണ്ട വീട്ടിലാണ് ആതിരയുടെ ചേതനയറ്റ ശരീരം എത്തിയത്
ആതിരയുടെ ആത്മഹത്യ ഒരു നാടിനെയാകെ തള്ളി വിട്ടത് തീരാനോവിലേക്കാണ്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി നിര്‍ത്തിയുള്ള ആതിരയുടെ വിട വാങ്ങല്‍ നാടിനും വീടിനും താങ്ങാനായില്ല. പ്രിയപ്പെട്ടവള്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുകയാണ്.
കല്യാണ പന്തലുയരേണ്ട വീട്ടു മുറ്റത്താണ് പ്രിയപെട്ടവളുടെ ചിത കത്തി എരിയുന്നത്. അച്ഛനും അമ്മയും സഹോദരിമാരും മരവിച്ച മനസുമായി വീട്ടു മുറ്റത്തുണ്ട്. ആതിരയുടെ മുന്‍ സുഹൃത്തായിരുന്ന അരുണ്‍ വിദ്യാധരന്റെ ഫേസ് ബുക്ക് അധിക്ഷേപം പരിധി വിട്ടതോടെ സഹോദരിയുടെ ഭര്‍ത്താവും മണിപ്പൂര്‍ സബ്കലക്ടറുമയ ആശിഷ് ദാസിനെ ആതിര വിളിച്ചിരുന്നു. പ്രശ്നം പറയുകയും ചെയ്തു. അരുണിനെ വിളിച്ചു കാര്യം സംസാരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അതിന് കാത്തു നില്‍ക്കാതെ ആതിര മരണത്തിലേക്ക് നടന്നടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു ആതിരയെ പെണ്ണ് കാണാന്‍ ഒരു കൂട്ടരെത്തിയത്. കല്യാണം ഉറച്ചു എന്നു കണ്ടതോടെയാണ് അരുണ്‍ ഭീഷണി തുടങ്ങിയത്. അരുണിന്റെ സ്വഭാവ വൈകല്യങ്ങള്‍ മനസ്സിലാക്കിയ ആതിര ബന്ധത്തില്‍ നിന്നും പിന്തിരിഞ്ഞു. അരുണിന്റെ വാശിയും വൈരാഗ്യവുമാവാം ആതിരയെ ഒരു മുഴം തുണിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുടുംബം പറയുന്നു…