Cricket

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ജയിക്കണം; ചെന്നൈക്ക് പകരം വീട്ടണം: ഇന്ന് തീപ്പൊരി പാറും

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് റോയൽസ് എത്തുമ്പോൾ തുടരെ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുക. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് വിജയിക്കാനായാൽ രാജസ്ഥാൻ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തും. 

മധ്യ ഓവറുകളിലെ റൺ വരൾച്ചയാണ് പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് മൂന്ന് കളിയിലും നിർണായകമായത്. പഞ്ചാബ് കിംഗ്സിനെതിരെ ദേവ്ദത്ത് പടിക്കൽ 26 പന്തുകളിൽ 21 റൺസ് നേടിയത് തിരിച്ചടിയായി. 198 വിജലയക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ ആ കളി തോറ്റത് 5 റൺസിന്. ലക്നൗവിനെതിരെ 154 പിന്തുടർന്നപ്പോൾ ജോസ് ബട്ട്ലറിൻ്റെ ഓഫ് ഡേയും (41 പന്തിൽ 40) മധ്യ ഓവറുകളിൽ ദേവ്ദത്തും (21 പന്തിൽ 26) റിയൻ പരാഗും (12 പന്തിൽ 15) വേഗത്തിൽ ബാറ്റ് ചെയ്യാതിരുന്നതും തിരിച്ചടിയായി. ആ കളി തോറ്റത് 10 റൺസിന്. റോയൽ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ കളി തോറ്റത് 7 റൺസിനായിരുന്നു. വേഗം തുടങ്ങിയെങ്കിലും മധ്യ ഓവറുകളിൽ റൺ ഉയർത്താനാവാതെ പോയ യശസ്വി ജയ്സ്വാളിൻ്റെ ഇന്നിംഗ്സും (37 പന്തിൽ 47) ഷിംറോൺ ഹെട്മെയറിൻ്റെ ഓഫ് ഡേയും (9 പന്തിൽ 3) ഈ തോൽവിയിൽ നിർണായകമായി. ഇതാണ് രാജസ്ഥാൻ അഡ്രസ് ചെയ്യേണ്ടത്. കഴിഞ്ഞ കളിയിലെ പരാജയത്തിനു പിന്നാലെ നടത്തിയ ഡ്രസിംഗ് റൂം ടോക്കിൽ സഞ്ജു തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ദേവ്ദത്തിനെ പുറത്തിരുത്തി ആകാശ് വസിഷ്ടിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ടീമിൽ മറ്റ് മാറ്റമുണ്ടാവാനിടയില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് ആവട്ടെ വളരെ കരുത്തരാണ്. ടോപ്പ് ഓർഡറിലെ നാല് പേരും വിസ്ഫോടനാത്‌മക ബാറ്റിംഗ് കാഴ്ചവെക്കുന്നു. അതുകൊണ്ട് തന്നെ ഏത് ഗ്രൗണ്ടിലും ചെന്നൈ 20 റൺസിലധികം സ്കോർ ചെയ്യുന്നു. സീസണിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് രഹാനെയ്ക്കാണ്, 199. മതീഷ പതിരന ഡെത്ത് ഓവറിൽ അവിശ്വസനീയ പ്രകടനം നടത്തുമ്പോൾ തുഷാർ ദേശ്പാണ്ഡെ എന്ന വീക്ക് ലിങ്കിൻ്റെ മോശം പ്രകടനങ്ങൾ ചെന്നൈയെ അത്ര ബാധിക്കുന്നില്ല. ടീമിൽ മാറ്റമുണ്ടാവില്ല.